Saturday, March 8, 2014

ആയിരത്തൊന്നു രാഗങ്ങൾ ഭാഗം - രണ്ട്



(ആയിരത്തൊന്നും രാവുകളുടെ കാവ്യാവിഷ്കാരം)


കർഷകന്റെ കഴുതയും കാളയും
(വൃത്തം: കേക)

ദൂരെയൊരൂരിൽ വാണ വർത്തകനുടയവൻ
തിര്യക്കുകൾ[1] തൻ ഭാഷ വരമായ് നൽകീ പോലും.

പക്ഷിയും മൃഗങ്ങളുമായ് കുറേയെണ്ണത്തിനെ
ഭക്ഷണം കൊടുത്തയാൾ പരിപാലിച്ചീരുന്നു.

മാടുകൾക്കിടയിലുണ്ടായിരുന്നൊരു കാള-
യിടക്കു മാത്രം പണിയെടുക്കും കഴുതയും.

പാടത്തും പറമ്പിലും വേലകൾ ചെയ്തു നടു-
വൊടിഞ്ഞ കാളയൊരു നാൾ കഴുതയെക്കണ്ടു.

ആലയിൽ സുഭിക്ഷമായുണ്ടുറങ്ങിയും സുഖ-
ലോലനായ് മഥിച്ചുമാ ഗർദഭം കഴിയുന്നു.

എന്നെങ്കിലുമൊരു നാൾ വന്നെങ്കിലായ്  നിന്നൂഴ-
മെന്നുര ചെയ്തു കാള നെടുവീർപ്പിട്ടേ നിന്നു.

ആത്മ മിത്രമാം കാളയോടന്നു കഴുതയു-
മോതിയൊരുപായമതിത്ഥമെന്നറിയുക:

“കൂട്ടുകാരാ, നാളെ നിൻ യജമാനൻ വന്നിട്ടു
കെട്ടുകളഴിച്ചങ്ങു കൊണ്ടു പോകുന്ന നേരം

കുഴഞ്ഞു നിലത്തു നീ വീഴണമടിച്ചാലു-
മെഴുന്നേൽക്കരുതന്നപാനവും വെടിയേണം”.

*                                  *                                  *

തൊഴുത്തിൻ പിന്നിൽ നിന്നും യജമാനൻ ഭാഷണം
മുഴുവൻ ശ്രവിച്ചതു മനസ്സിനുള്ളിൽ വച്ചു.

പണിക്കാർ നുഖവുമായ് രാവിലെയെത്തിയപ്പോൾ
ദണ്ണവുമഭിനയിച്ചങ്ങു വീണു പോയ് കാള.

ഏറെയധ്വാനിച്ചിട്ടുമെഴുന്നേൽക്കാതെ കൂനി
യിരുന്ന നേരമേമാനോതി ഭൃത്യരോടന്ന്:

പോകുവിൻ കഴുതയെപ്പിടിച്ചതിൻ കഴുത്തിൽ
വെക്കുവീൻ നുഖമിനി മേലതുഴുതീടട്ടെ”.

ജോലിയും കഴിഞ്ഞന്നു തളർന്നു വന്ന വിഡ്ഢി-
ക്കോലമക്കഴുതയോടോതി നന്ദിയും കാള.

പിന്നേയും രണ്ടു നാളീ വേലകൾ തുടർന്നപ്പോ-
ളന്നൊരു സൂത്രം തോന്നി കഴുതയരുൾ ചെയ്തു:

സോദരൻ കാളേയിന്നു നമ്മുടെ യജമാന-
നോതിയ വൃത്താന്തം കേൾ, ‘ദീനങ്ങൾ മാറിയില്ലേൽ

അറവുകാർക്കെങ്ങാനും വിറ്റുകൊണ്ടാ ശല്ല്യത്തി-
നറുതി വരുത്തിവീൻ തോലുരുഞ്ഞെടുക്കുവീൻ’.

വാർത്തയിങ്ങനെ കേട്ട മാത്രയിലോതി കാള
നേരത്തെയെഴുന്നേറ്റു പോകുമേൻ വരും ദിനം.

പുല്ലുകൾ തിന്നു വെള്ളം കുടിച്ചുന്മാദിക്കും
കാളയെ കണ്ടും കേട്ടുമുടമ ചിരിച്ചു പോയ്

എന്തിനേ ചിരിക്കുന്നൂവെന്നയാളോടു തന്റെ
പത്നിയന്നു കേട്ടപ്പോൾ ചെല്ലിയക്കണവനും:

‘സാദരം ക്ഷമിക്കണം സേദരീയെനിക്കവ-
യോതുവാൻ നിർവ്വാഹമില്ലോതിയാൽ മരിക്കും ഞാൻ.

ചത്തു പോയാലും വേണ്ടില്ലെനിക്കാ രഹസ്യങ്ങൾ
മൊത്തവുമറിയേണമെന്നവൾ ശഠിച്ചു പോയ്.

ദുഷ്ടയാമമങ്കതൻ മർക്കടമുഷ്ടിക്കു മേൽ
കഷ്ടമസ്സാധുവിനു വഴികൾ മുട്ടിപ്പോയി.

ബന്ധു മിത്രാദികളെ മുഴുവൻ വിളിച്ചയാ-
ളന്തരിക്കുവാൻ പോകും വാർത്തയന്നറിയിച്ചു.

ശേഷക്കാരെല്ലാമൊത്തു കൂടിയപ്പോഴും പിടി
വാശിയുപേക്ഷിക്കുവാൻ ഭാര്യയോ തുനിഞ്ഞില്ല.

മരിക്കും മുമ്പേയംഗസ്നാനത്തിനായിട്ടയാൾ
പുരയ്ക്കു പിന്നിലൂടെ നടന്നു പോകുന്നേരം

കൂട്ടിൽ നിന്നാഹ്ലാദിക്കും പൂവൻ കോഴിയോടന്ന്
വീട്ടിലെ വളർത്തു നായ് ചൊന്നതു കേട്ടുവയാൾ

നാണമില്ലേ നിനക്കു നമ്മുടെ യജമാനൻ
പ്രാണനും വെടിഞ്ഞങ്ങു പോകവേ രസിക്കുവാൻ?

സംഗതിയെന്തെന്നവൻ കേട്ട നേരം ശ്വാനനും
സംഭവങ്ങളൊക്കെയുമൊന്നൊന്നായ് വിവരിച്ചു:

ചൊല്ലിയന്നു കുക്കുടം വിഡ്ഢിയാണയാൾക്കെന്തേ
ചോൽ‌പ്പടിക്കൊരുത്തിയെ നിർത്തുവാനാകുന്നില്ല?.

അമ്പതു പിടക്കോഴിപ്പത്നിമാർക്കൊന്നിച്ചെന്റെ
ദാമ്പത്യമിന്നെത്ര മേൽ സുന്ദരമായ് നീങ്ങുന്നു.

മൾബറിച്ചെടിയുടെ വടി കൊണ്ടാ മൂഢന-
ക്കള്ളിയെത്തല്ലിശ്ശരിയാക്കുവാനറിയില്ലേ?.

ഇതു കേട്ടപാടയാൾ വടിയുമായിച്ചെന്നു
പൊതിരെത്തല്ലിയപ്പോൾ ക്ഷമ കേട്ടു പോൽ തന്വി.
*          *          *

മന്ത്രി മുഖ്യൻ തൻ മകൾ ഷഹറാസാദിനോട്
മന്ത്രിച്ചു ഭയക്കുന്നേൻ നിനക്കും കിട്ടുമടി.

എന്തു വന്നാലും വേണ്ടില്ലെൻ പിതാവേ പോകുവാൻ
തന്നെ ഞാനുറപ്പിച്ചു യാത്രയാക്കുവീൻ വേഗം.

അന്നു രാത്രി രാജാവിൻ മുന്നിലെത്തിയക്കന്യ
ചൊന്നു പോൽ കണ്ണീരുകൾ വാർത്തു കൊണ്ടു ഗദ്ഗദം:

കനിവുണ്ടാകേണമെൻ പ്രാണനാഥായിന്നെന്റെ-
യനിയത്തിയോടൊന്നു യാത്ര ചൊല്ലുവാനിപ്പോൾ

എന്തു പാതകം ചെയ്തുവെങ്കിലുമൊരാളുടെ-
യന്ത്യമാമഭിലാഷം നിറവേറ്റും നൃപന്മാർ.

സമ്മതം കൊടുത്തപ്പോൾ കൊച്ചനുജത്തി പമ്മി-
പ്പമ്മിയൊരു മൂലയിലിൽ വന്നിരുന്നുറക്കമായ്

ഷാഹ്സമാൻ ഷഹറാസാദിന്റെ കന്യാവനത്തിൽ
സംഹാര നൃത്തം ചെയ്തു തളർന്നു കിടക്കുമ്പോൾ

ചൊല്ലിയനന്തിരവൾ ചെന്നു ജേഷ്ടത്തിയോടു
ചൊല്ലുവീൻ കഥയൊന്നു മരിക്കും മുമ്പീ രാത്രി

അങ്ങനെയെങ്കിൽ നാമും കേൾക്കട്ടെയെന്നു രാജ-
നിംഗിതമറിയിച്ചപ്പോളവളാരംഭിച്ചു:

(തുടരും...)


[1] തിര്യക്ക് :മനുഷ്യനൊഴികെയുള്ള ജന്തുവര്‍ഗ്ഗത്തിന് പൊതുവെ പറയുന്ന പേര്.

No comments:

Post a Comment