Tuesday, January 21, 2014

ആയിരത്തൊന്നു രാഗങ്ങൾ - മമ്മൂട്ടി കട്ടയാട്

(ആയിരത്തൊന്നും രാവുകളുടെ കാവ്യാവിഷ്കാരം)

ആമുഖം
(വൃത്തംകിളിപ്പാട്ട്)

പണ്ടു പണ്ടിന്ത്യയ്ക്കും ചൈനയ്ക്കും മധ്യേയാ-
യുണ്ടായിരുന്നൊരു കൊച്ചു രാജ്യം.

ചുറ്റും കടലലകൾ കൊണ്ടരഞ്ഞാണം
ചുറ്റിയ പോലൊരു ദ്വീപു രാജ്യം.

ഏറെപ്പുകൾ പെറ്റൊരവിടുത്തെ ഭൂപതി-
ക്കിറയവനേകി രണ്ടാൺ മക്കളെ.

ശിക്ഷണം നന്നായ് ലഭിച്ചതിനാലവർ
ലക്ഷണമൊത്ത കുമാരന്മാരായ്.

വലിയവൻ ഷഹരിയാർ രാജ്യം ഭരിക്കുമ്പോ-
ളിളയവൻ ഷാഹ്സമാൻ ദേശം വിട്ട്

ദൂരെ സമർഖന്ദിലേക്കു പോയവിടുത്തെ-
യരചനായ് പ്രജകളെ കാത്തു പോന്നു.

കാലമതിൻ മുറയ്ക്കങ്ങിനെ ഭൂമിയെ
വലയം വെച്ചതിശീഘ്രം പാഞ്ഞു പോയി.

സൂര്യനുദിച്ചസ്തമിച്ചു ദിനരാത്രം
മാറി വന്നിരുപതു വർഷങ്ങളായ്.

ഷഹരിയാർ രാജകുമാരനന്നേരത്ത്
ഷാഹ്സമാനെക്കാണാനാശ തോന്നി.

ഉടനെയാ നൃപനൊരു ദൂതനെയനുജന്റെ
കുടിയിലേക്കന്നു പറഞ്ഞു വിട്ടു.

അനിയനാ ദൂതു കൈപ്പറ്റിയ പാടെയ
ന്നനുചരന്മാർക്കൊപ്പം യാത്രയായി.

കൊട്ടാരം വിട്ടധികം ദൂരം ചെന്നില്ല
പെട്ടെന്നയാളൊരു കാര്യമോർത്തു.

ജ്യേഷ്ഠൻ കുമാരനു നൽകുവാനായ് വച്ച
വൈഢൂര്യ മാല മറന്നു പോയി.

തിരികെയന്തപ്പുരം തന്നിൽ പ്രവേശിച്ച
നേരമയാളൊരു കാഴ്ച കണ്ടു;

പട്ടമഹിഷിയൊരടിമക്കൊപ്പം സ്വന്തം
കട്ടിലിൽ സുഖമായ് ശയിച്ചീടുന്നു.

വെള്ളിടി വെട്ടിയതു പോലയാളുടെ-
യുള്ളിലൊരു കൊള്ളിയാൻ മറഞ്ഞു.

പെട്ടെന്നുറയിൽ നിന്നൂരിയ വാൾ കൊണ്ട്
വെട്ടി നുറുക്കി രണ്ടധമരെയും.

*                      *                      *

പിന്നീടു കൂടെപ്പിറപ്പിന്റെ മന്ദിരം
തന്നിലണഞ്ഞൊരനന്തരവൻ

വല്ലാതെ ദു:ഖിച്ചും ക്ഷീണിച്ചും കണ്ടപ്പോൾ
വല്ലായ്മ തോന്നി വല്ല്യേട്ടനന്ന്.

നാടും വീടും വിട്ട് വന്നതു കൊണ്ടാകാം
നായാടിയാൽ ശോകം മാഞ്ഞു പോകാം

ഇത്ഥം നിരൂപിച്ച സോദരനനുജനോ-
ടർത്ഥിച്ചു വേട്ടയ്ക്കു കൂടെപ്പോരാൻ.

ഉള്ളിലൊരു കടൽ മൊത്തവുമായല-
തല്ലുമൊരാൾക്കെന്തു മൃഗയാവേശം?.

ഇല്ല ഞാനില്ലങ്ങു പോയ് വരൂവെന്നയാൾ
ചൊല്ലിയപ്പോളേട്ടൻ കാടു കേറി.

*                      *                      *
സോദരൻ പോയതിൻ  പിറകെയക്കോയിലി-
ന്നുദ്യാനത്തിൽ കണ്ടോരശ്ലീലങ്ങൾ

തെല്ലൊന്നുമല്ലയാളെയാശ്ചര്യത്തിന്റെ
മുൾമുനയിൽ കൊണ്ടു നിർത്തിയത്.

ഇരുപതു വെപ്പാട്ടിമാർക്കൊപ്പമിരുപത്
ഭൃത്യന്മാരാഭാസ നൃത്തം വെച്ചു.

കൂടെ മസ്ഊദെന്നൊരടിമയ്ക്കൊപ്പം രതി
ക്രീഡയിൽ രാജ്ഞിയും പങ്കു കൊണ്ടു.

ഇവിടെയിതെങ്കിലെനിക്കെന്റെ ദു:ഖങ്ങ
ളെവിടെയതൊക്കെയും ചെറുതാണല്ലോ!ശുഷ്കമല്ലോ.

ഇങ്ങനെയോരോന്നു ചിന്തിച്ചോരാ രാജൻ
സംഗതികൾ ജ്യേഷ്ടനോടു ചൊന്നു.

നേരിട്ടു കാണുന്നതല്ലാത്തതൊന്നും ഞാൻ
നേരാണെന്നു വിശ്വസിക്കില്ലെന്ന്

ആണയിട്ടതിനാലിരുവരുമാളുകൾ
കാണാതെയൊന്നിച്ചൊളിച്ചിരുന്നു.

എല്ലാം നേരിൽ കണ്ട നേരം കുമാരന്മാർ
തെല്ലുമമാന്തിച്ചില്ലോടിപ്പോകാൻ.

ഇവ്വിധമൊരു രാജ സേവയേക്കാൾ മെച്ചം
ജീവിതം തന്നെ വെടിയലല്ലോ.

ഏവമുര ചെയ്ത രണ്ടു പേരും ദൂരെ-
യെവിടേക്കെന്നില്ലാതെ പോയ്മറഞ്ഞു.

ഏറെ ദിനരാത്രങ്ങളലഞ്ഞവസാന-
മൊരു കടൽ തീരത്തു ചെന്നു പെട്ടു.

അവിടെയുള്ളൊരു വൻ മരത്തിൻ ചുവട്ടിലാ-
യവരിരു സോദരർ വിശ്രമിച്ചു.

പെട്ടെന്നു കടലിൽ നിന്നൊരു ശബ്ദം കേട്ടവർ
ഞെട്ടിത്തരിച്ചങ്ങൊളിച്ചിരുന്നു.

വലിയൊരു ജിന്നാഴിക്കടിയിൽ നിന്നും മെല്ലെ-
ത്തലയുമുയർത്തി നിവർന്നു നിന്നു.

മണ്ടിയവർ രണ്ടും കേറി മരത്തിന്റെ
മണ്ടയിൽ ചെന്നു പതുങ്ങി നിന്നു.

വെള്ളത്തിൽ നിന്നുയർന്നു വന്ന ജിന്നിന്റെ
യുള്ളം കൈയ്യിലൊരു പെട്ടി തൂങ്ങി.

വൃക്ഷത്തിൽ ചുവടെയിരുന്നു കൊണ്ടാ ഭൂതം
സൂക്ഷിച്ചു പെട്ടി തുറന്നു നോക്കി.

അപ്പോഴൊരു കൊച്ചു സുന്ദരിപ്പെൺകൊടി
തപ്പോയെന്നോതിപ്പുറത്തു വന്നു.

അവളുടെ പൂവു പോലുള്ള മടിത്തട്ടി-
ലവനന്നു തലയും ചായ്ച്ചങ്ങുറങ്ങി.

അന്നേരം വൃക്ഷത്തിന്നുച്ചിയിൽ നോക്കിയ
സുന്ദരി കണ്ടു കുമാരന്മാരെ.

ആംഗ്യം കാണിച്ചവളാജ്ഞാപിച്ചവരോടി-
റങ്ങി വരാനല്ലേൽ ജിന്നുണരും.

പേടിച്ചരണ്ടവർ രണ്ടു പേരുമുട-
നടിയിലേക്കപ്പോഴുതിർന്നിറങ്ങി.

നിർലജ്ജം ചൊന്നവൾ നിങ്ങളെന്നിംഗിതം
പൂർത്തീകരിക്കണമിപ്പോൾ തന്നെ.

എന്തിനു വേണ്ടി നാമോടിപ്പോന്നോവതു
പിന്തുടരുന്നിപ്പോഴും നമ്മളെ

എന്നേവം ചിന്തിച്ചമാന്തിച്ചു നിന്നപ്പോൾ
ചൊന്നവൾ ജിന്നെയുണർത്തുമെന്ന്.

പൂച്ചക്കു മുമ്പിലെ എലിയെപ്പോലവരന്ന്
ഓച്ഛാനിച്ചെല്ലാമനുസരിച്ചു.

ഒടുവിലാ രജകുമാരന്മാരോടവൾ
തേടിയൂരിത്തരാൻ മോതിരങ്ങൾ.

അവരിരുവരുമതു നൽകിയ പാടെയ-
ന്നവളൊരു മാല പുറത്തെടുത്തു.

അഞ്ഞൂറ്റിയെഴുപത് മോതിരങ്ങളാൽ നി-
റഞ്ഞൊരു മാല വെട്ടിത്തിളങ്ങി.

ഒപ്പം കിടന്നവരിൽ നിന്നുമായ് കവർ-
ന്നൊപ്പിച്ചതാണവയെന്നോതിയാൾ.

ഇവയൊക്കെയീ മണ്ടനിഫ്രീത്തിനെ പറ്റി-
ച്ചവയാണെന്നുമവൾ കൂട്ടിച്ചേർത്തു.

വേളി കഴിഞ്ഞാദ്യ രാത്രിയീ കശ്മലൻ
തോളിലിട്ടെന്നെ റാഞ്ചിക്കൊണ്ടു പോയ്.

പിന്നീടു പെട്ടിയിൽ പൂട്ടിയെറിഞ്ഞെന്നെ
ഇന്നിക്കാണുന്നൊരാഴക്കടലിൽ.

ഭൂതത്തിൻ ഗതിയിതാണെങ്കിൽ നമുക്കുള്ള
വിധിയെത്ര നിസ്സാരമെന്നുരത്ത്

രണ്ടു കുമാരന്മാരും മരുഭൂമികൾ
താണ്ടിയൊടുക്കം കൊട്ടാരം പൂകി.

കണ്ടിച്ചവരാദ്യം രാജ്ഞിയുടെ ഗളം,
തുണ്ടു തുണ്ടാക്കി ഭൃത്യന്മാരേയും.
*                      *                      *

പിന്നീടു ഷഹരിയാരോരോ നാളോരോരോ
കന്യകമാരെയും വേട്ടു പോന്നു.

ആദ്യത്തെ രാത്രി തന്നെയവരോടൊപ്പ-
മന്തിയുറങ്ങുംകശാപ്പു ചെയ്യും.

നിർദ്ദയം സ്ത്രീകളെയിവ്വിധം രാജാവു
നിഗ്രഹിക്കുന്നതു കണ്ട ജനം

പെൺ മക്കളെയും കൂട്ടി നാടു വിട്ടു പോയ്
പെണ്ണുങ്ങളെപ്പിന്നെക്കിട്ടാതെയായ്.

ക്രൂദ്ധനാം രാജാവ് മന്ത്രിയോടായോതി
വധുവിനെയുടനെയെത്തിച്ചു തരാൻ

എവിടേയ്ക്കു ഞാനിനി മങ്കമാരെത്തേടി
പോവുമെന്നു മന്ത്രിയാധി പൂണ്ടു.

തലയും പുകഞ്ഞങ്ങിനെയാലോചിക്കവേ
ചൊല്ലിയന്നു മകൾ ഷഹറാസാദ്.

പോകാനെനിക്കനുവാദം തരൂ താതാ-
യേകനനുഗ്രഹിക്കും പോയ് വരാം.

ഇനിയിവൾ പ്രാണത്യാഗം ചെയ്താലതു വിശ്വാ-
സിനികൾക്കായുള്ളൊരു ബലിയല്ലയോ?.

സ്നേഹ സമ്പന്നനാമച്ഛനന്നോതിയ-
ത്തന്വിയോടു നീ കേളെൻ പുത്രികേ;

പണ്ടൊരു കഴുതയ്ക്കും കാളക്കുമിടയിലാ

യുണ്ടായ ഗതിയെൻ മൾക്കു വരാം.

Next
(കർഷകന്റെ കഴുതയും കാളയും)

Monday, January 20, 2014

സാമ്പത്തിക പ്രതിസന്ധി (2010 ജൂലായ് മാസത്തിലെഴുതിയത്)

 
"കണ്ടീലയോ നീ മുകുന്ദാ ധരണിയി-
ലുണ്ടായ മന്നരിൽ മുന്നൻ ഭഗദത്തൻ
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!."

    *            *            *                    *
ഇന്നലെ വരേ,
നാടും കാടുമിളക്കി നടന്നിരുന്ന ഗജ രാജ വീരന്മാർ
ഊര മുറിഞ്ഞ് പെരുവഴിയിൽ വീണു കിടക്കുന്ന
ദയനീയ രംഗം കാണുമ്പോൾ
ഇതല്ലാതെ മറ്റെന്താണ് പാടേണ്ടത്?
* * * *
എന്തൊരഹങ്കാരമായിരുന്നു?
എന്തൊരു ധിക്കാരമായിരുന്നു?

കണ്ണെത്തും ദൂരത്തുള്ള
മുഴുവൻ വിള നിലങ്ങളും
അവർ അളന്ന് അതിരിട്ടു.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ
കാഷ്ഠത്തിനു പോലും വില പറഞ്ഞു.

ഗർഭിണികളുടെ മുലപ്പാല്
ലേലത്തിനു വച്ചു.

ശവപ്പെട്ടികളുടെ ഷെയറുകൾ
കോടികൾക്കു മറിച്ചു വിറ്റു.

നിരാലംബരെയും നിരാശ്രയരെയും
അവർ കണ്ടില്ല.

പുസ്തകം വാങ്ങാൻ മക്കൾക്കു
ചിറ്റഴിച്ചു നൽകുന്ന അമ്മമാരെ
അവർ ശ്രദ്ധിച്ചില്ല.

ജപ്തി നടപടിയിൽ നിന്നു രക്ഷപ്പെടാൻ
ആത്മഹത്യയിലഭയം തേടുന്ന
കർഷകന്മാർ അവരെ അസ്വസ്ഥരാക്കിയില്ല.

കൃഷിയിടങ്ങൾ നികത്തി
കോൺക്രീറ്റു കാടുകൾ നടുമ്പോൾ
നാളെയതിൽ കതിരു കുലയ്ക്കില്ലെന്നവർ ഓർത്തില്ല.

പ്രാണികളെ കൊല്ലാൻ തളിക്കുന്ന
മാരക വിഷത്തിൽ
സ്വന്തം തലമുറകൾ മരിച്ചു തീരുന്നത്
അവർക്കൊരു പ്രശ്നമാണെന്ന് തോന്നിയില്ല.

അന്തിമയങ്ങാനിടമില്ലാതെ
കൊടും ചൂടിൽ വിശറിപോലുമില്ലാതെ
മരംകോച്ചും തണുപ്പിൽ പുതപ്പില്ലാതെ
ശൗച്യം ചെയ്യാൻ വെള്ളമില്ലാതെ
കരയാൻ കണ്ണീരു പോലും കൂട്ടിനില്ലാതെ,
വേലയ്ക്കു കൂലിവാങ്ങാൻ അവസരം ലഭിക്കാതെ
വാ തുറക്കാൻ താടിയെല്ലുകൾ ചലിപ്പിക്കാൻ കഴിയാതെ
കരളു പൊട്ടി, ജീവഛവമായി
കയറ്റിയയക്കപ്പെട്ട ആത്മാവുകളുടെ
തേങ്ങലുകൾ ശ്രദ്ധിക്കാതെ,

പുല്ലും വെള്ളവും നിഷേധിച്ച്
തൊഴുത്തിൽ നിന്നും ആട്ടിയിറക്കപ്പെട്ട
ഗർഭിണികളായ പശുക്കളുടെ
വനരോദനങ്ങൾക്കു ചെവിക്കൊടുക്കാതെ,
ചന്ദ്രനിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ
തുറക്കുന്നതിനെക്കുറിച്ച്
ചർച്ച ചെയ്യുകയായിരുന്നു അവർ.

എലികളെ പിടിക്കാൻ ഇല്ലം ചുടുന്ന
ഫറോവമാരായിരുന്നു
അവരുടെ മാതൃകാ പുരുഷന്മാർ.

ഒന്നു വെച്ച് പത്തു കൊടുക്കുന്ന
കുലുക്കിക്കുത്തുകാരായിരുന്നു
അവരുടെ ഉപദേശകന്മാർ.

പ്രശ്നങ്ങൾ വീണ്ടും പ്രശ്നങ്ങളാക്കി,
പരിഹാരത്തിൽ വിഷം കലക്കി,
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ
അവരും അവരുടെ മേലാളന്മാരും
സമർത്ഥന്മാരായിരുന്നു.

എല്ലാം തച്ചുടച്ച് തരിപ്പണമാക്കി
പിന്നീട് പുനർ നിർമ്മിക്കാൻ കരാറെടുക്കുന്ന
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ
ശുഭ്ര വസ്ത്രധാരികളായ ബുദ്ധി ജീവികൾ
തിരിച്ചറിയാൻ താമസിച്ചു പോയി.

ചെന്നായ്ക്കളുടെ ഗിരിപ്രസംഗങ്ങൾ
കുഞ്ഞാടുകൾക്ക് വേദവാക്യമായിരുന്നു.

പുതിയ ലോകത്തിന്റെ അപ്പോസ്തലന്മാർക്ക്
അവർ വീഞ്ഞും മാംസവും വിളമ്പി.

അവരുടെ സുഖ ശയനത്തിന്
സഹോദരിമാരെ കൂട്ടിക്കൊടുത്തു.

സാമ്പത്തിക ശാസ്ത്രത്തിന്റെ വേദപുസ്തകത്തിൽ
സദാചാരത്തിന്റെ പദാവലികൾ പാടില്ലെന്ന്
അവർ ഇവരെ പഠിപ്പിച്ചു.

ഇവരതെല്ലാം തൊണ്ടയറിയാതെ
വിഴുങ്ങുകയും ചെയ്തു.
പിന്നീട് ദഹനക്കേടുണ്ടായപ്പോൾ
ഉരുക്കിയ ഇയ്യം അവർ ഇവരുടെ
തൊണ്ടയിൽ പാർന്നു കൊടുത്തു.
കാരണം ഇവർ ശ്രൂദ്രന്മാമാരും
അവർ ബ്രാഹ്മണന്മാരുമാണല്ലോ.

കുറച്ചു കൂടി പഠിച്ചാൽ
നമുക്കിതും കൂടി മനസ്സിലാകും
എന്തെന്നാൽ...
അവരുടെ ലക്ഷ്യം അർത്ഥം മാത്രമായിരുന്നു.
അർത്ഥത്തോടുള്ള ആർത്തി
പരശ്ശതം നിരർത്ഥങ്ങൾ ചെയ്യാൻ
അവരെ പ്രേരിപ്പിച്ചു

എല്ലാ മാർഗ്ഗങ്ങളും
ലക്ഷ്യങ്ങളെ ന്യായീകരിക്കുകയും ചെയ്തു.

എന്നാൽ ചില മാർഗ്ഗങ്ങൾ
അതി ഭീകരമായ കൊക്കകളിലേക്കാണു
നയിക്കുക എന്നും
ചില കുറുക്കു വഴികൾ
ബൂമറാങ്ങായി തിരിച്ചു വരുമെന്നും
തിരിച്ചറിയുമ്പോഴേക്കും
സമയം ഏറെ വൈകിയിരുന്നു.

ഇപ്പോൾ ആരെയാണു കുറ്റം പറയേണ്ടത്
സ്വർഗ്ഗം വാഗ്ദാനം ചെയ്ത
ആഗോള വൽക്കരണത്തെയോ?
സർവ്വ തിന്മകൾക്കും പച്ചക്കൊടി കാട്ടിയ
ജനാധിപത്യത്തെയോ?
ശൂന്യതയിൽ നിന്നും സ്വർണ്ണ മോതിരം ലഭിക്കുന്നത്
സ്വപ്നം കാണാൻ പ്രേരിപ്പിച്ച
മുതലാളിത്തത്തേയോ?

മൂല ധനത്തിന്റെ കുല ദൈവങ്ങൾ
ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നാൽ ലഭിക്കുന്നത്
പൊന്നിൻ കൂമ്പാരങ്ങളായിരിക്കില്ല.

അകിടിൽ തുടർച്ചയായി കറന്നു കൊണ്ടിരുന്നാൽ
പിന്നെയും പിന്നെയും ചുരത്തുന്നത്
ക്ഷീരം മാത്രമായിരിക്കില്ല.